ഇന്ന് വായനാ ദിനം…

നാഫിഹ് നടുവിലകത്ത്


വായന എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുക എന്റെ ഉപ്പയുടെ രൂപമാണ്. വായന ഉപ്പാക്കൊരു ലഹരിയായിരുന്നു. തന്റെ മുറിയിൽ പുസ്തകൂട്ടങ്ങൾക്കിടയിൽ മണികൂറുകൾ അതിന്റെ ഗന്ധം നുകർന്നും, തൊട്ടും തലോടിയും, അടുക്കിയും ഒതുക്കിയുമാണ് ഉപ്പയുടെ ദൈനംദിന ജീവിതം മുന്നോട്ടുപോയത
ഉപ്പാക്ക്‌ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. അതിൽ രാമായണവും മഹാഭാരതവും ബൈബിളും ഖുർആനും ഹദീസുകളും മത്രമല്ല, കഥകളും നോവലുകളും മറ്റു മഹത്‌ ഗ്രന്ഥങ്ങൂമെല്ലാ അടങ്ങിയിരുന്നു. പത്രങ്ങളിലും ആഴ്ചപ്പതിപ്പുകളിലുമെല്ലാം വായിക്കുകയും അവയിൽ ആവശ്യമുള്ള ലേഖനങ്ങൾ അടയാളപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. 
ഉപ്പാക്ക്‌ ഉറുദു ഭാഷയിൽ പ്രത്യേക അവഗാഹമുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഉറുദു ലേഖനങ്ങളും കവിതകളും നിരന്തരം വായിക്കുന്നയത്‌ കാണാം. ഉറുദു കവിതകളോടുള്ള അഭിരുചി എത്രത്തോളമെന്നാൽ ഉച്ചത്തിൽ ചൊല്ലി അതിൽ ലയിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
അതിനിടയിൽ എപ്പോഴോ ഹോമിയോപ്പതി ചികിത്സാ രീതിയോട് അതിയായ അടുപ്പം കാണിക്കുകയും, അത് വായിച്ചു പഠിക്കാനും അതിനെ മനസിലാക്കി മരുന്നുകൾ വാങ്ങി സ്വയം ചികിത്സ നടത്താനും തുടങ്ങി.  പല ചെറിയ അസുഖങ്ങൾക്കും നമ്മൾ മക്കൾക്കും പേരമക്കൾക്കും പലപ്പോഴും മറ്റൊരു ഡോക്ടറുടെ ചികിത്സ തേടി പോകേണ്ടി വന്നിരുന്നില്ല  എന്നതാണ് സത്യം.

ഉപ്പ നമ്മളെ വിട്ടുപിരിഞ്ഞ്‌ 7 വർഷം കഴിഞ്ഞെങ്കിലും ഉപ്പയുടെ പുസ്തകങ്ങൾ വെച്ച മുറിയിൽ ഇപ്പോഴും അതിന്റെ ഗന്ധമുണ്ട്‌. അത് ഉപ്പയുടെ ഗന്ധമായാണ് എനിക്ക് തോന്നാറുള്ളത്


ഉപ്പയുടെ പുസ്തക പ്രണയം എന്നെ അമ്പരിപ്പിച്ചത്, വർഷങ്ങൾക്ക്‌‌ മുമ്പ്‌ ഒരു ഞായറാഴ്ച കണ്ണൂർ ടൗണിലൂടെ ഞാൻ നടക്കുമ്പോൾ, വഴിയോരങ്ങളിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ നിലത്തിരുന്ന് ആർത്തിയോടെ പുസ്തകങ്ങൾ തിരയുന്ന എന്റെ ഉപ്പയെ കണ്ടപ്പോഴാണ്. ആത്രമാത്രം പുസ്തകങൾ സ്വരൂപിക്കുകയും വായിക്കുകയും ചെയ്യുമായിരുന്നു.
ചില ആനുകാലിക പ്രസിദ്ധികരങ്ങളിൽ വരുന്ന കുറിപ്പുകൾ വെട്ടിയെടുത്ത് ഉപ്പ അടുക്കളയുടെ ഭിത്തിയിൽ പതിക്കും, ഉമ്മ വായിക്കാനായിരുന്നു അത്. ചിലപ്പോൾ കുട്ടികളുടെ ശിക്ഷണവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ സ്ത്രീകളുടെ ആരോഗ്യ സംബന്ധമായത് . പിന്നീടു പലപ്പോഴും ഇക്കാര്യം പറഞ്ഞു ഞങ്ങൾ ചിരിക്കുമായിരുന്നു. ഉപ്പയിൽ നിന്നും പ്രചോദനം കൊണ്ടതായിരിക്കാം ഉമ്മയും വായിക്കും. ഈ വാർദ്ധക്യാവസ്ഥയിലും പത്രവായനയിലൂടെയാണ്‌‌ ഉമ്മയുടെ ദിവസം ആരംഭിക്കുന്നത് തന്നെ. 
ഉപ്പയുടെ വായനാ കമ്പവും സാഹിത്യ അഭിരുചിയും ചിലപ്പോൾ കുടുംബ പശ്ചാത്തലത്തിലൂടെ ലഭിച്ചതാകാം. ഉപ്പയുടെ കുടുംബ വീടായ നടുവിലകത്ത് തറവാട് പുസ്തകങ്ങളുടെ ഖനിയായിരുന്നു. ഉപ്പയുടെ അമ്മാവനും സഹോദരനും അറിയപ്പെടുന്ന എഴുത്തുകാരായിരുന്നു.
കുടുംബാഗങ്ങൾക്കിടയിൽ ആപ്പ എന്നും സുഹൃത്തുക്കൾക്കിടയിൽ എൻ എ കെ എന്നും അറിയപ്പെട്ടിരുന്ന നാടുവിലകത്ത് അബ്ദുൾ കരിം എന്ന എന്റെ ഉപ്പ 2013 ഒക്റ്റൊബർ 28 നാണ് നമ്മെ വിട്ടുപിരിയുന്നത് . കുടുംബബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാന്‍  ഉപ്പ കാണിച്ചിരുന്ന ജാഗ്രത, മററുള്ളവരിൽ ഇടപഴകുന്നതിൽ ഉപ്പ കാണിച്ച സൂക്ഷ്മത എന്നിവ എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്‌. 
ലൗകിക ജീവിതത്തെ വലിയ ഗൌരവത്തോടെ ഉപ്പ കണ്ടിരുന്നില്ല. ജീവിതത്തില്‍നിന്ന് എന്തെങ്കിലും കിട്ടണം, നേടണം എന്നൊന്നും കരുതിയിരുന്നതായും അറിവില്ല; ഒന്നും ആരോടും ചോദിച്ചു വാങ്ങിയിട്ടുമില്ല. ഉപ്പ നമ്മളെ വിട്ടുപിരിഞ്ഞ്‌ 7 വർഷം കഴിഞ്ഞെങ്കിലും ഉപ്പയുടെ പുസ്തകങ്ങൾ വെച്ച മുറിയിൽ ഇപ്പോഴും അതിന്റെ ഗന്ധമുണ്ട്‌അത് ഉപ്പയുടെ ഗന്ധമായാണ് എനിക്ക് തോന്നാറുള്ളത്.
എല്ലാവർക്കും അവരുടെ ജീവിതത്തിലെ ആദ്യത്തെ അധ്യാപകൻ അവരുടെ പിതാവ്‌ തന്നെയാണ്‌. എനിക്കും അങ്ങനെ തന്നെ. എന്റെ ജീവിതത്തിൽ വായനയോടുള്ള അടുപ്പവും സ്നേഹവും വളർത്തുന്നതിൽ ഉപ്പയുടെ ജീവിതം വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഉപ്പാക്ക്‌ പരലോകത്ത്‌ സ്വർഗ്ഗസ്ഥമായ ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാ വായനക്കാർക്കും വായനാ ദിന ആശംസകൾ നേരുന്നു…

കോളേജ് അനുഭവം

ലോക് ഡൗണിന്റെ വിരസതയകറ്റാൻ ഞാൻ പഠിച്ച കോളേജിലെക്ക്‌ ഒരു സായാഹ്‌ന സവാരി നടത്തി.  വീട്ടിൽനിന്നും കഷ്ടിച്ചു  ഒരു കിലോമീറ്റർ അകലം മാത്രമുള്ള   പ്രകൃതിരമണിയമായ  മാടായി പാറയിൽ സ്ഥിതി ചെയ്യുന്ന  മാടായി കോളേജ്‌ ഞാൻ കയറിച്ചെല്ലുമ്പോൾ പ്രകൃതിയുടെ സ്വാന്തനവും പടിഞ്ഞാറൻ കാറ്റിന്റെ തലോടലുമേറ്റ് ഒച്ചയും ബഹളവുമില്ലാതെ ശാന്തമായി കിടക്കുകയാണ് . വിജനമായ  കോളേജ്‌ വരാന്തയിലൂടെ നടക്കുമ്പോൾ ആ കാലഘട്ടത്തിലെ ഒരുപാട്  നല്ല ഓർമ്മകൾ അറിയാതെ മനസിലേക്ക് ഓടിയെത്തി .കൂട്ടുകാരുമൊത്തു  ചിലവഴിച്ച ഓരോ നിമിഷങ്ങളും ഇപ്പൊഴും ആ കോളേജ്‌ ക്യാമ്പസ്സിന്റെ മുക്കിലും മൂലയിലും തളം കെട്ടികിടക്കുന്നതായി തോന്നി.  കൊച്ചു  തമാശകളും കുസൃതികളും ഇണക്കങ്ങളും പിണക്കങ്ങളും…. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ജീവിതത്തിലെ ഏറ്റവും സുഗന്ധമുള്ള വർഷങ്ങളായിരുന്നു അത്‌.അവിടെ വേനലിൽ ഒരു കുളിർ കാഴ്ചയായി ഗുൽമോഹർ പൂത്തു കിടപ്പുണ്ട്‌.അതിന്റെ ചുവട്ടിൽ ഒരുപാട്  നേരം ഇരുന്നു….
-നാഫിഹ് നടുവിലകത്ത്

Blog at WordPress.com.

Up ↑

Create your website at WordPress.com
Get started